കോഴിക്കോട്: ആഷിഖ് അബു, മനു ആന്റണി എന്നിവര്‍ സംവിധാനം ചെയ്യുന്ന ‘അജസുന്ദരി’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വഞ്ചനാക്കുറ്റവുമായി കോഴിക്കോട് വിലങ്ങാട്ടെ വ്യാപാരികള്‍. ജോജു ജോര്‍ജ്, ലിജോമോള്‍ ജോസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി മാസങ്ങളോളം വാങ്ങിയ സാധനങ്ങളുടെ ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക നല്‍കാതെ സിനിമാസംഘം സ്ഥലംവിട്ടെന്നാണ് പരാതി. ചിത്രീകരണം പൂര്‍ത്തിയായി മൂന്ന് മാസം പിന്നിട്ടിട്ടും പണം ലഭിക്കാത്ത സാഹചര്യത്തില്‍, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്കാന് ഒരുങ്ങുകയാണ് വ്യാപാരികള്‍.
ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വിലങ്ങാട് പ്രദേശത്ത് കഴിഞ്ഞ ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഷൂട്ടിംഗിന്റെ തുടക്കത്തില്‍ കൃത്യമായി പണം നല്കി വ്യാപാരികളുടെ വിശ്വാസം നേടിയ ശേഷമാണ് പ്രൊഡക്ഷന്‍ സംഘം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കടമായി വാങ്ങിയത്. സിനിമ പൂര്‍ത്തിയായ ഉടന്‍ പണം നല്‍കാമെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര് ബിജു കടവൂര്‍ അടക്കമുള്ളവര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും, പിന്നീട് ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പ്രകൃതിദുരന്തത്തെത്തുടര്‍ന്ന് ജീവിതം തകര്‍ന്ന്, കടം വാങ്ങിയും ലോണെടുത്തും ഉപജീവനം നയിക്കാന്‍ ശ്രമിക്കുന്ന സാധാരണ വ്യാപാരികളാണ് ഈ വഞ്ചനയ്ക്ക് ഇരകളായത്.
പല ചെറുകിട വ്യാപാരികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പച്ചക്കറി വ്യാപാരിയായ മനോജ് ഉരുള്‍പൊട്ടലില്‍ കട തകര്‍ന്നതിനെത്തുടര്‍ന്ന് നിലവില്‍ ചികിത്സയിലാണ്; ഇദ്ദേഹത്തിന് 54,000 രൂപയാണ് ലഭിക്കാനുള്ളത്. കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ബെന്നി ജോസഫിന് ഇറച്ചി വിതരണം ചെയ്ത വകയില്‍ ഒരു ലക്ഷം രൂപയും, മില്‍മ ബൂത്ത് നടത്തുന്ന അപ്പച്ചന് പാല്, ഗ്യാസ് സിലിണ്ടറുകള്‍ എന്നിവ നല്കിയ ഇനത്തില്‍ 46,000 രൂപയും കുടിശ്ശികയുണ്ട്. കൂടാതെ തേങ്ങ നല്കിയ വകയില്‍ തോമസിന് 18,000 രൂപയും ലഭിക്കാനുണ്ട്. അടിയന്തരമായി പണം ലഭിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് വ്യാപാരികളുടെ തീരുമാനം.