കൊച്ചി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്രസർക്കാരിന്റെയും മുന്നറിയിപ്പുകളെ തുടർന്നാണ് കേരളത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കിയത്. രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവർക്ക് 21 ദിവസം വരെ കർശന നിരീക്ഷണം ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. നിലവിൽ ഇന്ത്യയിൽ എവിടെയും എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദ്രുതകർമസമിതി യോഗം വ്യക്തമാക്കി.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രോഗബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പനി, കടുത്ത ക്ഷീണം, തലവേദന, പേശീവേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നവരും രോഗബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും വിമാനത്താവളങ്ങളിലെ ഹെൽത്ത് ഡെസ്കുകളിൽ വിവരം അറിയിക്കാൻ ബാധ്യസ്ഥരാണ്.
രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി ഐസൊലേഷൻ സൗകര്യങ്ങളോടുകൂടിയ തീവ്രപരിചരണ വിഭാഗങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പി.പി.ഇ കിറ്റുകൾ ഉറപ്പാക്കുന്നതിനും അണുബാധ നിയന്ത്രണ പ്രോട്ടോക്കോളുകളിൽ പ്രത്യേക പരിശീലനം നൽകുന്നതിനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.