ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) വലിയ പിളർപ്പ്. ബിജെപിയിലേക്ക് കൂറുമാറിയ എംപിമാരെ അയോഗ്യരാക്കാൻ എഎപി നേതൃത്വം തീരുമാനിച്ചു. രാജ്യസഭയിൽ പാർട്ടിക്കുണ്ടായ ഈ തിരിച്ചടിയിൽ, രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള എംപിമാർക്കെതിരെ നടപടിയെടുക്കാൻ എഎപി രാജ്യസഭാ ചെയർമാന് കത്ത് നൽകും. പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഈ നീക്കത്തിനെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം കൂറുമാറ്റ നിരോധന നിയമം ഉപയോഗിച്ച് എംപിമാരെ അയോഗ്യരാക്കാനാണ് എഎപി ലക്ഷ്യമിടുന്നത്. രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർക്കെതിരെയാണ് ആദ്യഘട്ടത്തിൽ നടപടിയെടുക്കുകയെന്ന് മുതിർന്ന എഎപി നേതാവ് സഞ്ജയ് സിംഗ് വ്യക്തമാക്കി. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് രാഘവ് ഛദ്ദ പാർട്ടി വിട്ടത്. തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തിയാണ് താനെന്ന് അദ്ദേഹം പ്രതികരിച്ചു.
രാജ്യസഭയിലെ ഏതാണ്ട് മൂന്നിൽ രണ്ട് എഎപി അംഗങ്ങളും ബിജെപിയിലേക്ക് ചേക്കേറുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയാണ്. ഇവർക്ക് പുറമെ പ്രമുഖ നേതാക്കളായ ഹർഭജൻ സിംഗ്, സ്വാതി മലിവാൾ, രാജേന്ദ്ര ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി എന്നിവരും ഉടൻ തന്നെ ബിജെപിയിൽ അംഗത്വമെടുക്കുമെന്നാണ് വിവരം. ആം ആദ്മി പാർട്ടിയെ തകർക്കാൻ ബിജെപി ആസൂത്രിതമായി നടപ്പിലാക്കിയ ഓപ്പറേഷൻ താമരയുടെ ഭാഗമാണ് ഈ കൂറുമാറ്റമെന്ന് സഞ്ജയ് സിംഗ് ആരോപിച്ചു.