കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ വീണ്ടും വിവാദങ്ങൾ പുകയുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നുള്ള തന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നിൽ നടൻ ടിനി ടോമാണെന്ന ഗുരുതര ആരോപണവുമായി നടി അൻസിബ ഹസൻ രംഗത്തെത്തി. തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും, ഇത്തരമൊരു സാഹചര്യത്തിൽ സംഘടനയിൽ തുടർന്നു പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അൻസിബ വ്യക്തമാക്കി.
സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പല വിഷയങ്ങളിലും താൻ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ വ്യക്തിപരമായി കണ്ട് ടിനി ടോം തനിക്കെതിരെ അടിസ്ഥാനരഹിതമായ കഥകൾ പ്രചരിപ്പിക്കാൻ തുടങ്ങിയെന്ന് അൻസിബ ആരോപിക്കുന്നു. കേവലം വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് അപ്പുറം സാമൂഹിക തലത്തിൽ തന്നെ ബാധിക്കുന്ന തരത്തിലുള്ള വർഗീയ ആരോപണങ്ങളും ടിനി ടോം ഉന്നയിച്ചതായി അൻസിബ വെളിപ്പെടുത്തി. ടിനി ടോമിന്റെ ഡ്രൈവറെ താൻ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന തരത്തിലുള്ള നുണപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും, ഇക്കാര്യം നടി നീന കുറുപ്പാണ് തന്നെ വിളിച്ച് അറിയിച്ചതെന്നും അൻസിബ പറഞ്ഞു. ഇതിനുപുറമെ, നീന കുറുപ്പിനോട് ടിനി ടോം മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും അൻസിബ ആരോപിച്ചു.
സംഘടനയുടെ അന്തസ്സിനെ ബാധിക്കുമോ എന്ന ഭയത്താലും കരിയറിനെ കരുതിയും ഇത്രയും കാലം മൗനം പാലിക്കുകയായിരുന്നുവെന്നും അൻസിബ കൂട്ടിച്ചേർത്തു. എന്നാൽ വ്യക്തിഹത്യയുടെ എല്ലാ പരിധികളും ലംഘിക്കപ്പെട്ടപ്പോഴാണ് രാജി വെക്കാൻ തീരുമാനിച്ചത്. തന്റെ രാജിക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് ‘അമ്മ’യിലെ മുതിർന്ന അംഗങ്ങൾക്കെല്ലാം താൻ വിശദമായ വോയ്സ് മെസ്സേജ് അയച്ചിട്ടുണ്ടെന്നും അൻസിബ വ്യക്തമാക്കി. ചലച്ചിത്ര മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് ഈ ആരോപണങ്ങൾ.